തെലങ്കാന: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപെട്ട് വിദ്വേഷ പ്രസ്താവന നടത്തി തെലങ്കാന ബിജെപി എംഎല്‍എ രാജാ സിംഗ്. അയ്യപ്പ ഭക്തര്‍ വാവര്‍ പള്ളി സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്നാണ് രാജ സിംഗിന്റെ ആഹ്വനം. ശബരിമലയിലേക്ക് പോകുന്ന അയ്യപ്പ ഭക്തര്‍ വാവര്‍ പള്ളി സന്ദര്‍ശിക്കുന്നത് പതിറ്റാണ്ടുകളായുള്ള പതിവാണ്. നക്‌സലൈറ്റുകളും ഇടതുപക്ഷവും സിപിഎമ്മും നടത്തിയ ഗൂഢാലോചനയാണ് ഈ പതിവിന് പിന്നിലെന്ന് രാജാ സിംഗ് ആരോപിച്ചു.
അയ്യപ്പ ഭക്തര്‍ വാവര്‍ പള്ളി കൂടി സന്ദര്‍ശിച്ചാല്‍ മാത്രമേ തീര്‍ത്ഥാടനം പൂര്‍ത്തിയാകൂ എന്ന കിംവദന്തി ഇവര്‍ പരത്തുകയാണ്. ഇവരുടെ ഗൂഢാലോചനയില്‍ അയ്യപ്പ ഭക്തര്‍ ഇരയാകുന്നു. നമ്മള്‍ എങ്ങോട്ടാണ് പോകുന്നത്, നമ്മള്‍ ഒരു കെണിയില്‍ വീഴുകയല്ലേ, ശവക്കല്ലറകള്‍ക്ക് മുന്നില്‍ ഹിന്ദുക്കള്‍ വണങ്ങുകയോ കൈകൂപ്പുകയോ ചെയ്യരുതെന്ന് ഹിന്ദുമതത്തില്‍ വ്യക്തമായി പഠിപ്പിക്കുന്നുണ്ടെന്ന് അയ്യപ്പ ഭക്തര്‍ മനസ്സിലാക്കണമെന്നും രാജാ സിംഗ് പറഞ്ഞു.
തെലങ്കാന ഗോഷാമഹല്‍ എംഎല്‍എയായ രാജാ സിംഗ് ഇതിന് മുമ്പും നിരവധി വിവാദ-വിദ്വേഷ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിംകളില്‍ നിന്ന് വോട്ട് തേടരുതെന്നും പകരം ഗോമാതാവിനെ സംരക്ഷിക്കുന്നവരില്‍ നിന്നേ വോട്ട് തേടാവൂ എന്നും ഇദ്ദേഹം മഹാരാഷ്ട്രയില്‍ തെരെഞ്ഞെടുപ്പ് റാലിക്കിടെ പറഞ്ഞിരുന്നു. ഹലാല്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങരുതെന്ന് അണികളോട് ആഹ്വാനം ചെയ്ത രാജ സിംഗ് സംസ്ഥാനത്ത് ബുള്‍ഡോസര്‍ രാജ് നടപ്പാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ലവ് ജിഹാദ് വര്‍ധിക്കുകയാണെന്നും കേരളത്തിലും കര്‍ണാടകയിലും തീവ്രവാദികളെ കോണ്‍ഗ്രസ് പിന്തുണയ്ക്കുകയാണെന്നും ഇയാള്‍ ആരോപിച്ചിരുന്നു. കൂടാതെ മുസ്ലിംകള്‍ക്കെതിരായ അക്രമങ്ങളെ രാജാ സിംഗ് പ്രസംഗത്തില്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ ഇയാള്‍ക്കെതിരെ മഹാരാഷ്ട്ര പോലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു.