ഹവാന: ദക്ഷിണ ക്യൂബയില്‍ ഒരു മണിക്കൂറിനിടെ ശക്തമായ രണ്ട് ഭൂചലനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. 6.8, 5.9 തീവ്രതയിലാണ് ഭൂചലനങ്ങള്‍ രേഖപ്പെടുത്തിയത്.ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും പ്രദേശത്ത് വലിയ നാശനഷ്ടങ്ങളുണ്ടായതായാണ് ലഭിക്കുന്ന വിവരം.
തെക്കന്‍ ഗ്രാന്‍മ പ്രവിശ്യയിലെ ബാര്‍ട്ടലോം മാസോ തീരത്തുനിന്ന് ഏകദേശം 25 മൈല്‍ അകലെയുള്ള പ്രദേശത്താണ് 6.8 മാഗ്‌നിറ്റിയൂഡ് രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ആദ്യ പ്രകമ്പനമുണ്ടായി ഒരു മണിക്കൂറിന് ശേഷമായിരുന്നു രണ്ടാമതും ഭൂചലനമുണ്ടായത്. കരീബിയന്‍ ദ്വീപ് രാഷ്ട്രത്തിലുടനീളം ഭൂചലനം അനുഭവപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഭൂചലനത്തില്‍ നിരവധി വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. പ്രദേശത്ത് വലിയ തോതില്‍ മണ്ണിടിച്ചിലുണ്ടാകുകയും വൈദ്യുത ലൈനുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.