ഒഡിഷ: സംസ്ഥാനത്തെ ബിജെപി സര്‍ക്കാരില്‍ വിള്ളലുണ്ടാകുമെന്ന് അവകാശവാദവുമായി ബിജു ജനതാദള്‍ നേതാവും രാജ്യസഭാംഗവുമായ മുന്ന ഖാന്. അധികം വൈകാതെ നവീന്‍ പട്നായിക്കിന്റെ നേതൃത്വത്തില്‍ ബിജെഡി സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു. നബ്രാങ്പൂരില്‍ ജനസമ്പര്‍ക്ക പദയാത്രയ്ക്കിടെടെയായിരുന്നു ബിജെഡി നേതാവിന്റെ അവകാശവാദം.
14 ബിജെപി എംഎല്‍എമാര്‍ തങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും, മോഹന്‍ ചരണ്‍ മാജിയുടെ നേതൃത്വത്തിലുള്ള ബിജെപി
സര്‍ക്കാരിനെ താഴെയിറക്കാന്‍ ഇവര്‍ക്കാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. നിരവധി ഭരണകക്ഷി എംഎല്‍എമാര്‍ തങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും നിലവില്‍ 90 ശതമാനം ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളും ബിജെഡിക്കു കീഴിലാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
എന്നാല്‍, മുന്ന ഖാന് എംപിയുടെ അവകാശവാദങ്ങള്‍ ബിജെപി തള്ളി. 2029 വരെ ബിജെഡി നിലനില്‍ക്കുമോ എന്ന കാര്യം തന്നെ സംശയത്തിലാണെന്ന് ബിജെപി നേതാവ് ജയനാരായണന്‍ മിശ്ര തിരിച്ചടിച്ചു. ബിജെഡി നേതാക്കളെല്ലാം സ്വന്തം ഭാവിയില്‍ ആശങ്കാകുലരാണ്. പാര്‍ട്ടിയുടെ സ്ഥിതി കണ്ട് പലരും തങ്ങളുമായി സംസാരിക്കുകയും രാഷ്ട്രീയഭാവിയെക്കുറിച്ച് ആശങ്ക പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്.
കഴിഞ്ഞ മേയില്‍ ലോക്സഭയ്ക്കൊപ്പം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞെട്ടിപ്പിക്കുന്ന വിജയമാണ് ബിജെപി നേടിയത്. 147 അംഗ സഭയില്‍ 78 സീറ്റ് നേടിയാണ് ചരിത്രത്തിലാദ്യമായി ഒഡിഷയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയത്. അപ്രതീക്ഷിത തിരിച്ചടി നേരിട്ട ബിജു ജനതാദള്‍ 112ല്‍നിന്ന് 51 സീറ്റിലേക്കു കൂപ്പുകുത്തി.