മോസ്‌കോ: പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ നേരിട്ടുള്ള നിരീക്ഷണത്തില്‍ മിസൈലുകള്‍ പരീക്ഷിച്ച് റഷ്യ. യുക്രെയ്നുമായുള്ള യുദ്ധം രൂക്ഷമായിരിക്കെയാണ് റഷ്യ ആണവ മിസൈലുകള്‍ പരീക്ഷിച്ചത്. ഇന്റര്‍ കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈലുകളാണ് പരീക്ഷിച്ചത്. കര, കടല്‍, ആകാശ മാര്‍ഗങ്ങളിലൂടെയാണ് റഷ്യ മിസൈലുകള്‍ പരീക്ഷിച്ചത്.
മേഖലയിലെ വര്‍ധിച്ചുവരുന്ന ഭീഷണികള്‍ മൂലവും, പുതിയ ശത്രുക്കളും മറ്റും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലും, റഷ്യ എല്ലാറ്റിനും തയ്യാറായി നില്‍ക്കേണ്ടത് അത്യാവശ്യമാണ് എന്നാണ് മിസൈല്‍ പരീക്ഷണത്തിന് ശേഷം പുടിന്‍ പ്രതികരിച്ചു. നിരവധി തവണ പരീക്ഷണമുണ്ടായതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പുടിന് പുറകെ റഷ്യന്‍ പ്രതിരോധ മന്ത്രി ആന്ദ്രെ ബെലോസോവും ശത്രുക്കളുടെ എന്ത് തരത്തിലുളള ആക്രമണത്തെയും പ്രതിരോധിക്കാനാണ് ഈ നീക്കമെന്ന്, ആണവ മിസൈല്‍ പരീക്ഷണത്തെ വിശേഷിപ്പിച്ചു.