കര്‍ണാടക: കര്‍ണാടകയില്‍ നിയമസഭാ ഉപതെരെഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്ക് കനത്ത തിരിച്ചടി. ചന്നപട്ടണ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്ന ബിജെപി നേതാവ് സി.പി യോഗേശ്വര്‍ ആണ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. യോഗേശ്വറിനെ ജെഡിഎസ് സ്ഥാനാര്‍ഥിയാക്കുന്നത് പരിഗണിക്കാന്‍ ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡ തന്നോട് ആവശ്യപ്പെട്ടതായി എച്ച്.ഡി കുമാരസ്വാമി പാര്‍ട്ടി പ്രവര്‍ത്തകരോട് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കൂറുമാറ്റം.
പിസിസി അധ്യക്ഷനും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തില്‍ യോഗേശ്വറിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. പാര്‍ട്ടി ഓഫീസില്‍ നടന്ന ചടങ്ങില്‍ പാര്‍ട്ടി പതാകയും ഷാളും അണിയിട്ട് ശിവകുമാര്‍ യോഗേശ്വറിനെ സ്വീകരിച്ചു. പാര്‍ട്ടി എംഎല്‍എമാരും ബെംഗളൂരു റൂറല്‍ മുന്‍ എംപി ഡി.കെ സുരേഷും ചടങ്ങില്‍ പങ്കെടുത്തു. ചന്നപട്ടണത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി യോഗേശ്വര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും.
മുന്‍ മന്ത്രിയായ യോഗേശ്വറിനെ 2020 ജൂലൈയില്‍ ബിജെപി എംഎല്‍സിയായി നാമനിര്‍ദേശം ചെയ്തിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് നിഷേധിച്ചതോടെയാണ് യോഗേശ്വര്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. എംഎല്‍എ ആയിരുന്ന ജെഡിഎസ് നേതാവ് എച്ച്.ഡി കുമാരസ്വാമി മാണ്‍ഡ്യയില്‍നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ചന്നപട്ടണത്ത് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
സീറ്റ് തിരിച്ചുപിടിക്കാന്‍ ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തില്‍ ശക്തമായ നീക്കങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. നിരവധി തവണ മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തിയ ഡി.കെ പല പദ്ധതികളും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിജയസാധ്യതയുള്ള ഒരു സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നില്ല. യോഗേശ്വറിന്റെ വരവോടെ പ്രശ്നത്തിന് പരിഹാരമാവുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.