കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതുള്ള പ്രത്യേക ഡിവിഷന് ബെഞ്ചിന്റെ ആദ്യ സിറ്റിംഗിലാണ് സര്‍ക്കാരിനെതിരെ വിമര്‍ശനമുയര്‍ന്നത്. ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി.എസ് സുധ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേട്ടത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ എന്ത് നടപടിയെടുത്തുവെന്നും, റിപ്പോര്‍ട്ടില്‍ ഇത്രയും കാലം മൗനം പാലിച്ചതെന്തിനെന്നും ഹൈക്കോടതി ആരാഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം രണ്ടാഴ്ചയ്ക്കുള്ളില്‍ സിനിമയിലെ ലൈംഗിക അതിക്രമ പരാതികള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടില്‍ അടിയന്തര നടപടി സ്വീകരിക്കാത്തതെന്തെന്ന കോടതിയുടെ ചോദ്യത്തിന്, പുറത്തുവന്ന വെളിപ്പെടുത്തലുകളില്‍ അന്വേഷണം ആരംഭിച്ചുവെന്നും, ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുവെന്നും സര്‍ക്കാര്‍ മറുപടി നല്കി.
റിപ്പോര്ട്ടിന്മേല് ഇതുവരെ 23 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും,നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്കിയ അപ്പീല്‍ ഹര്‍ജിക്ക് പസക്തിയില്ലെന്നും എജി കോടതിയില്‍ അറിയിച്ചു.ആഭ്യന്തര പ്രശ്ന പരിഹാരത്തിന് ഐസിസി നടപ്പാക്കാത്ത സിനിമാ യൂണിറ്റുകള്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്ന് സംസ്ഥാന വനിതാ കമ്മിഷന് കോടതിയെ അറിയിച്ചു.