തിരുവനന്തപുരം: ശബരിമലയില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താതെയെത്തുന്നവര്‍ക്കും ദര്‍ശനം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സമ്പ്രദായത്തെക്കുറിച്ച് അറിയാതെയെത്തുന്നവര്‍ക്കായി സ്പോട്ട് ബുക്കിംഗ് തുടരുമെന്നാണ് മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കിയത്.
വെര്‍ച്വല്‍ ക്യൂ സംവിധാനം ശക്തിപ്പെടുത്തുന്നതിനും ഉന്നതതല യോഗത്തില്‍ തീരുമാനമായതായി മുഖ്യമന്ത്രി അറിയിച്ചു. 80,000 ആണ് നിലവില്‍ വെര്‍ച്വല്‍ ക്യൂവിനായി നിജപ്പെടുത്തിയിരിക്കുന്ന എണ്ണം.
തീര്‍ത്ഥാടനത്തിനെത്തുന്ന എല്ലാവര്‍ക്കും സന്നിധാനത്തും, പമ്പയിലും, ഇടത്താവളങ്ങളിലും മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, പോലീസ്, വനം, ആരോഗ്യം, പൊതുമരാമത്ത്, ഫയര്‍ ആന്റ് റസ്‌ക്യൂ, ലീഗല്‍ മെട്രോളജി, ദുരന്തനിവാരണം, ഭക്ഷ്യ- പൊതുവിതരണം, ഇറിഗേഷന്‍, കെ.എസ്.ഇ.ബി, കെ.എസ്.ആര്‍.ടി.സി, ബി.എസ്.എന്‍.എല്‍, വാട്ടര്‍ അതോറിട്ടി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നീ വകുപ്പുകളും, സ്ഥാപനങ്ങളും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തും.