ന്യൂഡല്‍ഹി: വരുമാന നികുതിയടയ്ക്കുന്ന ഓരോ വ്യക്തിയുടെയും വിവരങ്ങള്‍ ശേഖരിച്ചു വയ്ക്കുന്നതിനായി ആദായ നികുതി വകുപ്പ് ആവിഷ്‌കരിച്ച മാര്‍ഗ്ഗമാണ് പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ അഥവാ പാന്‍. അനധികൃത പണമിടപാടുകളും കള്ളപ്പണവും തടയുന്നതിായാണ് ആദായനികുതി വകുപ്പ് പാന്‍ വ്യവസ്ഥകള്‍ വിഭാവനം ചെയ്തിട്ടുള്ളത്.
വിപുലമായ ഇ- ഗവേണന്‍സിലൂടെ പാന്‍, ടാന്‍ സേവനങ്ങള്‍ നവീകരിക്കാനും, വേഗത്തിലും കാര്യക്ഷമമായ നടപടിക്രമങ്ങള്‍ ഉറപ്പുനല്‍കാനും ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് പാന്‍ 2.0. ഒന്നിലധികം പ്ലാറ്റ്ഫോമുകളെ ഏകീകൃത സംവിധാനത്തിലേക്ക് എത്തിക്കുകയും അതു വഴി ഡ്യൂപ്ലിക്കേറ്റ് പാന്‍ അഭ്യര്‍ത്ഥനകള്‍ തിരിച്ചറിയുകയും, ഇല്ലാതാക്കുകയും ചെയ്യും.
നികുതി വിധേയമായ വരുമാനമുള്ള വ്യക്തികള്‍, റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ ബാധ്യസ്ഥരായ ട്രസ്റ്റുകള്‍, വാര്‍ഷിക മൊത്ത രസീതുകളോ, വില്‍പ്പനയോ, വിറ്റുവരവുകളോ 5 ലക്ഷം രൂപയില്‍ കൂടുതലുള്ള ബിസിനസ് അല്ലെങ്കില്‍ പ്രൊഫഷണല്‍, പാന്‍ നിര്‍ബന്ധമായും നല്‍കേണ്ട സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നവര്‍, ഒരു സാമ്പത്തിക വര്‍ഷത്തില്‍ 2.5 ലക്ഷം രൂപയില്‍ കൂടുതല്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന കമ്പനി അല്ലെങ്കില്‍ ട്രസ്റ്റ് എന്നിവര്‍ക്ക് പാന്‍ നിര്‍ബന്ധമാണ്.
ഇനി പാന്‍ ഇല്ലാത്തത് കുറ്റകരമാണോ എന്നത് മിക്ക ഉപഭോക്താക്കളുടെയും സംശയമാണ്. ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ കൈവശം വെക്കുന്നതോ, തെറ്റായ വിവരങ്ങള്‍ നല്‍കുന്നതോ,ആവശ്യമുള്ളപ്പോള്‍ പാന്‍ കാര്‍ഡ് കൈവശം ഇല്ലാത്തതോ കനത്ത പിഴയ്ക്ക് വഴിവയ്ക്കാം. ഇത്തരം നിയമലംഘനങ്ങള്‍ക്ക് 10,000 രൂപ വരെ പിഴ ചുമത്താം.