ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസമാണ് രാഷ്ട്രീയ സ്വയംസേവക് സംഘ് മേധാവി മോഹന്‍ ഭാഗവത് വിവാദ പ്രസ്ഥാവനയുമായി രംഗത്തെത്തിത്. നൂറ്റാണ്ടുകളായി ശത്രുക്കളുടെ ആക്രമണം നേരിട്ട ഇന്ത്യയ്ക്ക് യഥാര്‍ഥ സ്വാതന്ത്ര്യം ലഭിച്ചത് അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ദിനത്തിലാണെന്നും പ്രതിഷ്ഠാദിനം പ്രതിഷ്ഠാ ദ്വാദശിയായി ആഘോഷിക്കണമെന്നും ഭാഗവത് പറഞ്ഞിരുന്നു. രാമക്ഷേത്രം ആരെയും എതിര്‍ക്കാനുള്ള ശ്രമം ആയിരുന്നില്ല. മറിച്ച് ഇന്ത്യയുടെ സ്വത്വത്തെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാനായിരുന്നു.
ഇതിലൂടെ രാഷ്ട്രത്തിന് സ്വതന്ത്രമായി നിലനില്ക്കാനും ലോകത്തെ നയിക്കാനും കഴിയുമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ഇന്ദോറില്‍ ശ്രീരാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിക്ക് ദേശീയ ദേവി അഹല്യ അവാര്‍ഡ് സമ്മാനിച്ചുള്ള പ്രസംഗത്തിലായിരുന്നു മോഹന്‍ ഭാഗവതിന്റെ വിവാദ പ്രസ്ഥാവന.
ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. 1947ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചില്ല രാമക്ഷേത്ര നിര്‍മാണത്തിന് ശേഷമാണ് സ്വാതന്ത്ര്യം കിട്ടിയതെന്ന് ആര്‍എസ്എസ് മേധാവി പറയുന്നു. ഇതിലൂടെ ഭരണഘടന സ്വാതന്ത്ര്യത്തിന്റെ പ്രതീകമല്ല എന്നാണ് മോഹന്‍ ഭഗവത് പറഞ്ഞു വെക്കുന്നത് എന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ഭരണഘടന എന്ന കോണ്‍ഗ്രസിന്റെ ആശയവും ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രവും തമ്മിലാണ് ഇപ്പോള്‍ പോരാട്ടമെന്നും രാഹുല്‍ പറഞ്ഞു.
രാജ്യത്ത് ഇപ്പോള്‍ ഏകാധിപത്യത്തിനാണ് മുന്‍തൂക്കം. ഇതിനെല്ലാം തടയിടാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയുകയുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന പരിപാടിയിലായിരുന്നു എംപി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ ‘സ്വാതന്ത്ര്യ’ പരാമര്‍ശത്തെ വിമര്‍ശിച്ചത്. കോണ്‍ഗ്രസിന്റെ പുതിയ ആസ്ഥാന മന്ദിരം സാധാരണ മന്ദിരമല്ല എന്നും രാജ്യത്തെ ലക്ഷക്കണക്കിന് പേരുടെ ത്യാഗത്തിന്റെ പ്രതീകമാണ് എന്നും രാഹുല്‍ പറഞ്ഞു.