മഹാരാഷ്ട്ര: മുഖ്യമന്ത്രി കസേരക്കായുള്ള വടംവലി തുടരുന്നതിനിടെ വിട്ടുവീഴ്ചയ്ക്കില്ലെന്നു സൂചന നല്‍കി ശിവസേന നേതാവ് ഏക്നാഥ് ഷിന്‍ഡെ. താന്‍ സാധാരണക്കാര്‍ക്കായാണ് പ്രവര്‍ത്തിച്ചതെന്നും അതുകൊണ്ടുതന്നെ മുഖ്യമന്ത്രി സ്ഥാനത്തു തിരിച്ചെത്താന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടെന്നുമാണ് ഷിന്‍ഡെ പ്രതികരിച്ചത്. മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷിന്‍ഡെ. സാധാരണക്കാരനെപ്പോലെ പ്രവര്‍ത്തിച്ചതുകൊണ്ടുതന്നെ താന്‍ മുഖ്യമന്ത്രിയായി തിരിച്ചു വരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഷിന്‍ഡെ പറഞ്ഞു.
മഹായുതി സഖ്യം തന്റെ നേതൃത്വത്തിലാണ് നിയമസഭാ തെരെഞ്ഞെടുപ്പ് വിജയിച്ചതെന്നും ഷിന്‍ഡെ ബിജെപി നേതൃത്വത്തെ ഓര്‍മിപ്പിച്ചു. ഡല്‍ഹിയില്‍ ബിജെപി നേതാക്കളായ അമിത് ഷാ, ജെ.പി നഡ്ഡ എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഷിന്‍ഡെ മുംബൈയില്‍ നില്‍ക്കാതെ നേരെ നാട്ടിലേക്കു മടങ്ങുകയായിരുന്നു. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട നിര്‍ണായക യോഗവും ശിവസേന യോഗവും റദ്ദാക്കിയാണ് അദ്ദേഹം സതാരയിലേക്കു മടങ്ങിയത്. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ അസംതൃപ്തനായാണ് ശിവസേന നേതാവ് നാട്ടിലേക്കു പോയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, തൊണ്ടവേദനയും പനിയും കാരണമാണു വീട്ടിലേക്കു പോന്നതെന്നാണ് ഷിന്‍ഡെ മാധ്യമങ്ങളോട് വിശദീകരിച്ചത്.
288 അംഗ മഹാരാഷ്ട്രാ നിയമസഭയില്‍ ബിജെപി 132 സീറ്റ് ബിജെപി ഒറ്റയ്ക്ക് നേടിയിട്ടുണ്ട്. ഷിന്‍ഡെ സേനയ്ക്ക് 57ഉം അജിത് പവാര്‍ പക്ഷം എന്‍സിപിക്ക് 41ഉം അംഗങ്ങളാണുള്ളത്. കഴിഞ്ഞ സര്‍ക്കാരിനു സമാനമായി മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരും എന്ന ഫോര്‍മുലയാണു തുടക്കംതൊട്ടേ ചര്‍ച്ചയിലുള്ളത്. ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകുമ്പോള്‍ ഷിന്‍ഡെയ്ക്കും പവാറിനും ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കാനാണ് ബിജെപി തീരുമാനം. എന്നാല്‍, മുഖ്യമന്ത്രിയല്ലാത്തൊരു പദവി നിലപാടിലാണ് ഷിന്‍ഡെ. ബിജെപിക്ക് 22 മന്ത്രിമാരും സേനയ്ക്ക് 12ഉം 10ഉം മന്ത്രിമാരാണ് ആലോചനയിലുള്ളത്. പ്രതിസന്ധി തുടരുന്നതിനിടെ ബിജെപി ഇതുവരെയും നിയമസഭാ കഷി യോഗം ചേര്‍ന്നിട്ടില്ല.
ലഡ്കി ബഹിന്‍ യോജന ഉള്‍പ്പെടെയുള്ള ഷിന്‍ഡെ സര്‍ക്കാരിന്റെ ജനപ്രിയ തീരുമാനങ്ങളും പദ്ധതികളുമാണ് മഹായുതി സഖ്യത്തിന്റെ വമ്പന്‍ വിജയത്തിനു പിന്നിലെന്നാണ് ശിവസേന നേതാക്കള്‍ പറയുന്നതു. അതുകൊണ്ട്, മുഖ്യമന്ത്രി പദവി ഷിന്‍ഡെയ്ക്കു തന്നെ നല്‍കണമെന്നാണ് നേതാക്കളുടെ ആവശ്യം. എന്നാല്‍, മുഖ്യമന്ത്രി സ്ഥാനം വിട്ടുനല്‍കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ബിജെപി. ഇതിന്റെ ഭാഗമായി ഷിന്‍ഡെയ്ക്ക് കേന്ദ്രമന്ത്രി സ്ഥാനം ബിജെപി ഓഫര്‍ ചെയ്തതായും റിപോര്‍ട്ടുകള്‍ ഉണ്ട്. പക്ഷെ കേന്ദ്ര മന്ത്രി സ്ഥാനത്തിന് ഷിന്‍ഡെ താല്പര്യം കാണിച്ചിട്ടില്ല. മുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കില്‍ ഷിന്‍ഡെ ഉപമുഖ്യമന്ത്രി സ്ഥാനം സ്വീകരിക്കാനും സാധ്യത കുറവാണു. അദ്ദേഹത്തിന് പകരം, മകന്‍ ശ്രീകാന്ത് ഷിന്‍ഡെയെ ഉപ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിയമിക്കാനാണു നീക്കാമെന്നും സൂചനയുണ്ട്.