ന്യൂഡല്‍ഹി: രാജ്യത്ത് ഉപയോഗിക്കുന്ന അമ്പതോളം മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍(സിഡിഎസ്സിഒ). ചില കമ്പനികളുടെ കാല്‍സ്യം, വിറ്റാമിന്‍ ഡി3 സപ്ലിമെന്റ്‌സ്, പ്രമേഹ മരുന്നുകള്‍, ഉയര്‍ന്ന രക്തസമ്മര്‍ദത്തിനുള്ള മരുന്നുകള്‍, പാരസെറ്റാമോള്‍ തുടങ്ങിയവയ്ക്കാണ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത്.
അവശ്യമരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന 53 മരുന്നുകളാണ് ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടത്. വിറ്റാമിന്‍ സി, ഡി3 മരുന്നായ ഐപി ഷെല്‍കാല്‍ 500, വിറ്റാമിന്‍ ബി കോംപ്ലക്‌സ്, വിറ്റാമിന്‍ സി സോഫ്റ്റ്‌ജെല്‍സ്, അന്റാസിഡ് പാന്‍-ഡി, കര്‍ണാടക ആന്റിബയോട്ടിക്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് പുറത്തിറക്കുന്ന പാരസെറ്റാമോള്‍ ഐപി 500 എംജി ടാബ്ലറ്റ്, ആന്റി ഡയബറ്റിക് മരുന്നായ ഗ്ലിമെപിരൈഡ്, ലൈഫ് മാക്‌സ് കാന്‍സര്‍ ലബോറട്ടറീസിന്റെ ഉയര്‍ന്ന രക്തസ്സമ്മര്‍ദത്തിന് നല്‍കുന്ന ടെല്‍മിസാര്‍ട്ടന്‍ ഐപി 40 എംജി ടാബ്ലറ്റ്‌സ് തുടങ്ങിയ അമ്പത്തിമൂന്നോളം മരുന്നുകളാണ് ഗുണമേന്മാ പരിശോധനയില്‍ പരാജയപ്പെട്ടത്.
ഗുണമേന്മയില്ലെന്നു കണ്ടെത്തിയ മരുന്നുകള്‍ തങ്ങള്‍ നിര്‍മ്മിച്ചതല്ലെന്നും, വ്യാജമായി നിര്‍മ്മിച്ചിരിക്കുന്നതാണെന്നും മരുന്നുനിര്‍മാതാക്കള്‍ അറിയിച്ചു.