കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ 70 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള ആയുഷ്മാന്‍ ഭാരത് പദ്ധതിയിലേക്കുള്ള രജിസ്ട്രേഷന് തിങ്കളാഴ്ചമുതല്‍ ആരംഭിക്കുമെന്ന് സൂചന. 70 വയസ്സ് കഴിഞ്ഞവര്‍ക്ക് വരുമാനം പരിഗണിക്കാതെ സൗജന്യമായി അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതിനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ രജിസ്ട്രേഷന് സംബന്ധിച്ചുള്ള ഔദ്യോഗികപ്രഖ്യാപനം 23ന് ഉണ്ടായേക്കുമെന്നാണ് സൂചന.
ഡിജിറ്റല്‍സേവ പൊതുസേവന കേന്ദ്രങ്ങളിലൂടെയും (സിഎസ്സി), അക്ഷയകേന്ദ്രങ്ങളിലൂടെയും ഉപഭോക്താക്കള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും.സംസ്ഥാനത്തെ 70 വയസ്സ് കഴിഞ്ഞവരുടെ എണ്ണത്തില്‍ സര്‍ക്കാരിന്റെ കൈവശം കൃത്യമായ രേഖകളില്ല. കേന്ദ്ര വിഹിതം നേടിയെടുക്കാന്‍ കൃത്യമായ കണക്ക് ആവശ്യമായതിനാലാണ് രജിസ്ട്രേഷനിലൂടെ വിവരം ശേഖരിക്കുന്നത്.
ആയുഷ്മാന്‍ ഭാരതിനെ സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സില്‍ (കാസ്പ്) ലയിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.സംസ്ഥാനം 1000 കോടിരൂപ ചെലവഴിക്കുമ്പോള്‍ കേന്ദ്രം 151 കോടി രൂപയാണ് അനുവദിക്കുക. 70 വയസ്സില്‍ കൂടുതലുള്ള എല്ലാ മുതിര്‍ന്ന പൗരര്‍ക്കും, സാമൂഹിക- സാമ്പത്തികനില പരിഗണിക്കാതെ ആനുകൂല്യങ്ങള്‍ ലഭ്യമാകും. അര്‍ഹരായവര്‍ക്ക് പ്രത്യേക കാര്‍ഡ് വിതരണം ചെയ്തായിരിക്കും ആനുകൂല്യം ലഭ്യമാക്കുക.
അര്‍ഹത പരിശോധിക്കാന്‍
https://pmjay.gov.in/ എന്ന വെബ്സൈറ്റില്‍ പ്രവേശിക്കുക
”Am I Eligible” എന്ന സെക്ഷന്‍ തെരഞ്ഞെടുക്കുക
മൊബൈല്‍ നമ്പറും കോഡും നല്‍കുക
ഒടിപി വെരിഫൈ ചെയ്യുക
ആവശ്യമായ വിവരങ്ങള്‍ നല്‍കിയശേഷം ‘സബ്മിറ്റ്’ ചെയ്യുക