കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ബസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്സഷന് അനുവദിക്കുന്നതിനായി പുതിയ ആപ് രൂപീകരിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലെ യാത്രക്കാര്‍ക്കുള്ള എസി വിശ്രമമുറിയുടെ ഉദ്ഘാടന വേളയിലാണ് മന്ത്രിയുടെ പ്രഖ്യാപനം.
സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആപ്പിലൂടെ കണ്‍സഷനായി അപേക്ഷിക്കാം. തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് അനുവദിക്കുന്ന പാസ് ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് സ്വകാര്യ ബസുകളില്‍ യാത്ര ചെയ്യാം. വിദ്യാര്‍ത്ഥികള്‍ കയറുന്ന ബസില്‍ പണം നല്കിയാല് മതിയെന്നും മന്ത്രി വ്യക്തമാക്കി.
കെഎസ്ആര്‍ടിസി ബസുകളിലെ ഓണ്‍ലൈന്‍ കണ്സഷന് കാര്‍ഡ് പദ്ധി വിജയിച്ചതിനെ തുടര്‍ന്നാണ് സ്വകാര്യ ബസുകളിലും ഇതേ രീതി നടപ്പാക്കാന്‍ തീരുമാനിച്ചത്. ഇതോടൊപ്പം കെഎസ്ആര്‍ടിസി ബസുകള്‍ എപ്പോള്‍ വരുമെന്ന് യാത്രക്കാര്‍ക്ക് അറിയുന്നതിനായി എല്ലാ സര്‍വീസുകളും ഉടന്‍ ചലോ ആപ്പുമായി ബന്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ട്രാഫിക് കുറ്റകൃത്യങ്ങളില്‍ ജനങ്ങള്‍ക്ക് പരാതി അറിയിക്കാന്‍ സിറ്റിസണ്‍ ആപ്പും രൂപീകരിക്കും.