കൊച്ചി: മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ മൊഴി എടുത്തതിലോ അന്വേഷണത്തിലോ വലിയ പ്രതീക്ഷ വച്ചു പുലര്‍ത്തുന്നില്ലെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. എസ്എഫ്‌ഐഒ ചെന്നൈയില്‍ വിളിച്ച് വരുത്തി വീണയുടെ മൊഴിയെടുത്തതില്‍ മൂവാറ്റുപുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംഎല്‍എ.
മുഖ്യമന്ത്രിയെയും മകളെയും സംരക്ഷിക്കുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ തുടരുന്നതെന്നും, ആത്മാര്‍ത്ഥമായുള്ള അന്വേഷണം ആയിരുന്നു നടന്നിരുന്നതെങ്കില്‍ ഇതിനോടകം വലിയ നടപടികള്‍ ഉണ്ടാകുമായിരുന്നു എന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ പ്രതികരിച്ചു. ഹൈക്കോടതി എന്ത് നടപടി എടുത്തുവെന്ന് കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചപ്പോള്‍ എസ്എഫ്‌ഐഒ അന്വേഷണവുമായി മുന്നോട്ടു പോകുന്നുവെന്നാണ് പറഞ്ഞത്. ഹൈക്കോടതി വിധി പറഞ്ഞിരുന്നാല്‍ മുഖ്യമന്ത്രിക്ക് തിരിച്ചടിയായേനെയെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ കൂട്ടിച്ചേര്‍ത്തു.