മഹാരാഷ്ട്ര: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകളുടെ കാര്യത്തില്‍ ധാരണയിലായി പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡിയുടെ ഭാഗമായ കോണ്‍ഗ്രസും എന്‍സിപി ശരദ് പവാര്‍ വിഭാഗവും, ശിവസേനാ ഉദ്ധവ് പക്ഷവും. 85 സീറ്റുകളില്‍ വീതം മത്സരിക്കാന്‍ ആണ് ധാരണയായത്. ശേഷിക്കുന്ന സീറ്റുകളുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നാണ് നേതാക്കളുടെ പ്രതികരണം.
288 നിയമസഭാ സീറ്റുകളുള്ള സംസ്ഥാനത്ത് 255 സീറ്റുകളുടെ കാര്യത്തിലാണ് മഹാ വികാസ് അഘാഡിയില്‍ ധാരണയായത്. ശേഷിക്കുന്ന 33 സീറ്റുകളുടെ വിഭജനം സംബന്ധിച്ച് രണ്ടു ദിസവത്തിനകം തീരുമാനമുണ്ടാകും. ഇതില്‍ 18 സീറ്റുകള്‍ കോണ്‍ഗ്രസ്, ശിവസേനാ ഉദ്ധവ് പക്ഷംസ എന്‍സിപി പവാര്‍ വിഭാഗവും എന്നിവയ്ക്കു തന്നെയായിരിക്കും. ശേഷിക്കുന്ന 15ല്‍ നിന്നായിരിക്കും സമാജ്വാദി പാര്‍ട്ടി, സിപിഎം,.പെസന്റ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് പാര്‍ട്ടി എന്നിവയടക്കമുള്ള ചെറുസഖ്യകക്ഷികള്‍ക്ക് സീറ്റ് അനുവദിക്കുക.
2 സീറ്റുകള്‍ സിപിഎമ്മിനും 3 സീറ്റുകള്‍ വരെ സമാജ്വാദി പാര്‍ട്ടിക്കും നല്‍കും. ഏതാനും സീറ്റുകളില്‍ കോണ്‍ഗ്രസും ഉദ്ധവ് പക്ഷവും എന്‍സിപി പവാര്‍ വിഭാഗവും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. ചര്‍ച്ചകള്‍ക്കു ശേഷം 10-15 സീറ്റുകള്‍ വരെ കോണ്‍ഗ്രസിനു ലഭിച്ചേക്കുമെന്നാണ് സൂചന. അതേസമയം മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ രാഷ്ട്രീയ ഗുരു ആനന്ദ് ദിഗെയുടെ ബന്ധു കേദാര്‍ ദിഗയെ ഷിന്‍ഡെയ്ക്കതിരെ ശിവസേനാ ഉദ്ധവ് വിഭാഗം സ്ഥാനാര്‍ഥിയാക്കിയിട്ടുണ്ട്.
2004 മുതല്‍ തുടര്‍ച്ചയായി ഷിന്‍ഡെ ജയിക്കുന്ന കോപ്രിപഞ്ച്പഖ്ഡി മണ്ഡലത്തില്‍ ഗുരുവിന്റെ ബന്ധുവിനെ പോര്‍ക്കളത്തില്‍ ഇറക്കിയതിലൂടെ കടുത്ത വെല്ലുവിളി ഉയര്‍ത്താമെന്നാണ് മഹാവികാസ് അഘാഡി കരുതുന്നത് .നേരത്തെ കോണ്‍ഗ്രസ് മത്സരിക്കുമെന്നു കരുതിയ മണ്ഡലം ഉദ്ധവ് വിഭാഗത്തിനു നല്‍കിയതിലൂടെ തെരെഞ്ഞെടുപ്പ് ശിവസേനകള്‍ തമ്മിലുള്ള പോരാട്ടമായി മാറും. നവംബര്‍ 20ന് നടക്കുന്ന തെരഞ്ഞെടുപ്പിനു നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനുള്ള അവസാന തീയതി 29 ആണ്.