കൊച്ചി: ബാങ്ക് അക്കൗണ്ട് ഹോള്‍ഡേഴ്‌സിന് വലിയ തലവേദനാണ് പേഴ്സണല്‍ ലോണുകളുടെ ഇഎംഐ. മറ്റുള്ള വായ്പകളേക്കാള്‍ ഉയര്‍ന്ന പലിശ നിരക്കുള്ള വ്യക്തിഗത വായ്പകളുടെ ഇഎംഐ വലിയ ബാധ്യതയാണ് തീര്‍ക്കുന്നത്. ഒരു വായ്പയുടെ ഇഎംഐ കണക്കാക്കുന്നതിന് പരിഗണിക്കുന്ന ചില കാര്യങ്ങളുണ്ട്. വായ്പയെടുത്ത തുക, കാലാവധി, പലിശ നിരക്ക് പോലെയുള്ള നിരവധി ഘടകങ്ങളാണ് ഒരു വായ്പയുടെ ഇഎംഐക്ക് അടിസ്ഥാനമാകുന്നത്.
ഇവയില്‍ ചിലത് ശ്രദ്ധിച്ചാല്‍ ഇഎംഐ ബാധ്യത കുറയ്ക്കാനാകും. അവ ഏതെല്ലാമെന്ന് നോക്കാം.ആവശ്യങ്ങള്‍ക്ക് അനുസൃതമായി ശരിയായ വിഭാഗത്തിലുള്ള വായ്പകള്‍ തെരഞ്ഞെടുക്കുകയെന്നതാണ് പ്രധാനം. വീട് വാങ്ങുന്നതിനും സൗകര്യം മെച്ചപ്പെടുത്തുന്നതിനുമൊക്കെ നിരവധി ഹോം ലോണുകള്‍ ലഭ്യമാണ്. ഹോം ഇംപ്രൂവ്മെന്റ് ലോണ്‍, ഇന്റീരിയര്‍ ലോണുകള്‍ തുടങ്ങി പുതിയതരം ഭവന വായ്പകളും ടോപ്-അപ് ലോണുകളും ഉപഭോക്താവിന്റെ ആവശ്യാര്‍ത്ഥം പരിഗണിക്കാറുണ്ട്.
തിരിച്ചടവ് കാലാവധി കൂടുതലായതിനാലും പലിശ നിരക്ക് കുറവുള്ളതിനാലും ഇത്തരം ലോണുകള്‍ക്ക് ഇഎംഐ ബാധ്യതയും താഴ്ന്നു നില്‍ക്കും. ഇനി വാഹനവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കാണെങ്കില്‍ പേഴ്സണല്‍ ലോണിനു പകരം വാഹന വായ്പ എടുത്താല്‍ ഉയര്‍ന്ന പലിശ ഒഴിവാക്കാം. വ്യക്തിഗത വായ്പയേക്കാള്‍ തിരിച്ചടവിനുള്ള സമയം വാഹന വായ്പകള്‍ക്ക് കൂടുതല്‍ ലഭിക്കുന്നതിനാല്‍ പ്രതിമാസ തിരിച്ചടവിനുള്ള തുകയും താഴ്ന്നുകിട്ടും.
കൂടാതെ, വാഹന നിര്‍മാതാക്കളുമായി ചേര്‍ന്ന് ധനകാര്യ സ്ഥാപനങ്ങള്‍ മിക്കപ്പോഴും ചെറിയ ഇഎംഐയോ ഡിസ്‌കൗണ്ട് നിരക്കുകളോ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യാറുമുണ്ട്. സമാന വായ്പയില്‍ കുറഞ്ഞ പ്രതിമാസ തിരിച്ചടവോ, താഴ്ന്ന പലിശ നിരക്കോ വാഗ്ദാനം ചെയ്യുന്ന മറ്റ് ധനകാര്യ സ്ഥാപനത്തിലേക്ക് നിലവിലെ വായ്പയെ മാറ്റിയും ഇഎംഐ ബാധ്യത കുറയ്ക്കാന്‍ സാധിക്കും.
സാഹചര്യം അനുവദിക്കുമെങ്കില്‍, മുതല്‍ തുകയിലേക്ക് മുന്‍കൂട്ടിയുള്ള ഭാഗിക തിരിച്ചടവും ഇഎംഐ ബാധ്യത ലഘൂകരിക്കാന്‍ സഹായിക്കും. വായ്പയില്‍ സഹ-അപേക്ഷകനെ കൂടി ചേര്‍ക്കുന്നത്, ഉയര്‍ന്ന വായ്പ തുകയും മികച്ച തിരിച്ചടവ് വ്യവസ്ഥകളും ലഭിക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് സഹായമേകും.