മഹാരാഷ്ട്ര: വിധിയെഴുതാന്‍ തയ്യാറായി മഹാരാഷ്ട്രയും ജാര്‍ഖണ്ഡും. ഇത്തവണ കടുത്ത മത്സരം നടക്കുന്ന മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലെ പരസ്യപ്രചാരണം അവസാനിച്ചു. മഹരാഷ്ട്രയില്‍ എന്‍ഡിഎ മുന്നണിയും ഭരണപക്ഷവുമായ മഹായുതിയും ഇന്ത്യ മുന്നണിയായ മഹാവികാസ് അഗാഡിയും തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. ശിവസേനയും എന്‍സിപിയും രണ്ടായി പിളര്‍ന്നതിനു ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്.
288 സീറ്റുകളുള്ള മഹാരാഷ്ട്ര നിയമസഭയിലേക്ക് ബുധനാഴ്ചയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 23ന് വോട്ടെണ്ണല്‍ നടക്കും. ഇപ്പോഴുള്ള സര്‍ക്കാരിന്റെ കാലാവധി 26ന് പൂര്‍ത്തിയാകുന്നതിനാല്‍ അതിനുമുമ്പ് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തേണ്ടതുണ്ട്. ജാര്‍ഖണ്ഡില്‍ 38 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടം വിധിയെഴുതുന്നത്. ആദിവാസി മേഖലകള്‍ കൂടുതലായുള്ള സന്താള്‍ പര്‍ഗാനയിലാണ് രണ്ടാംഘട്ടത്തിലെ ഭൂരിപക്ഷ സീറ്റുകളും. മുഖ്യമന്ത്രി ഹേമന്ത് സോറന്‍, ഭാര്യ കല്‍പ്പന സോറന്‍, ബിജെപിയുടെ മുതിര്‍ന്ന നേതാവ് ബാബുലാല്‍ മറാണ്ടി ഉള്‍പ്പെടെയുള്ളവര്‍ രണ്ടാം ഘട്ടത്തിലാണ് ജനവിധി തേടുന്നത്.
അതേസമയം മഹരാഷ്ട്രയില്‍ എതിരാളികള്‍ക്ക് കനത്ത പരാജയം ഉറപ്പുവരുത്താന്‍ ആഹ്വാനം ചെയ്ത് ശരദ് പവാര്‍. തോറ്റാല്‍ മാത്രം പോര, അതിന്റെ ഭാരം വലുതാക്കിക്കൊടുക്കണം എന്നാണ് ശരദ് പവാര്‍ വ്യക്തമാക്കിയത്. സോലാപൂര്‍ ജില്ലയിലെ മാധയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരദ് പവാര്‍ ക്യാമ്പിനെ പിളര്‍ത്തിയാണ് അജിത് പവാര്‍ മഹായുതി സര്‍ക്കാരിന്റെ ഭാഗമായതും ഉപമുഖ്യമന്ത്രിയായതും.
ഇതോടൊപ്പം പേരും ക്ലോക്ക് എന്ന ചിഹ്നവും അജിത് പവാറിന് ലഭിക്കുകയും ചെയ്തു. ഇതോടെ ക്ഷീണത്തിലായ ശരദ് പവാര്‍ ക്യാമ്പ്, ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയാണ് ഉണര്‍ന്നത്. അതേസമയം പവാര്‍ കുടുംബത്തിന്റെ തട്ടകമായ ബാരാമതി സീറ്റില്‍ അജിത് പവാറിനെ നേരിടാന്‍ ശരദ് പവാറിന്റെ ചെറുമകന്‍ യുഗേന്ദ്ര പവാറിനെയാണ് ഇത്തവണ ശരദ് പവാര്‍ രംഗത്തിറക്കിയിരിക്കുന്നത്.