ന്യൂഡല്‍ഹി: ഗൗതം അദാനിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അദാനിയെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്നും അദാനിയുടെ സംരക്ഷകയായ മാധബി പുരി ബുച്ചിനെതിരെ അന്വേഷണം പ്രഖ്യാപിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
ഗൗതം അദാനി അടക്കം ഏഴ് പേര്‍ക്കെതിരെ യുഎസില്‍ കൈക്കൂലി, തട്ടിപ്പ് കേസുകളില്‍ കുറ്റപ്പത്രം സമര്‍പ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. വീണ്ടും വീണ്ടും ഞങ്ങള്‍ ഇക്കാര്യങ്ങള്‍ ഉന്നയിക്കുകയാണ്. പ്രധാനമന്ത്രി അദാനിയെ സംരക്ഷിക്കുകയാണ്. ഇന്ത്യയില്‍ അദാനിയും മോദിയും ഒന്നാണെന്നും രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു.
അദാനി രാജ്യത്തെ കൊള്ളയടിക്കുകയാണ്. അഴിമതി നടത്തിയിട്ടും സ്വതന്ത്രനായി നടക്കുന്നതില്‍ തനിക്ക് അത്ഭുതം തോന്നുന്നു. അയാള്‍ക്ക് പിന്നില്‍ വലിയ കണ്ണികളാണുള്ളത്. സെബി മേധാവിയും പ്രധാനമന്ത്രിയും അദാനിയെ സംരക്ഷിക്കുകയാണ്. അദാനി നടത്തുന്ന അഴിമതികളില്‍ പ്രധാനമന്ത്രിക്കും പങ്കുണ്ടെന്നും രാഹുല്‍ ആരോപിച്ചു.
അഴിമതി നടത്തിയ അദാനി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംരക്ഷിണത്തില് ഇപ്പോഴും ഈ രാജ്യത്ത് സ്വതന്ത്രനായി നടക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.അദാനിയെ അറസ്റ്റ് ചെയ്താല്‍ അവസാനം നരേന്ദ്ര മോദിയുടെ പേര് പുറത്തുവരും. ബിജെപിയുടെ മുഴുവന്‍ ഫണ്ടിങ്ങും അദാനിയുടെ കൈകളിലാണ്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ താന്‍ ഈ വിഷയം ലോക്സഭയില്‍ ഉന്നയിക്കുമെന്നും ജെപിസി അന്വേഷണം ആവശ്യപ്പെടുമെന്നും രാഹുല്‍ പറഞ്ഞു.
20 വര്‍ഷത്തിനുള്ളില്‍ രണ്ട് ബില്യണ്‍ ഡോളര്‍ ലാഭം പ്രതീക്ഷിക്കുന്ന സൗരോജ്ജ വിതരണ കരാറുകള്‍ നേടാന്‍ കൈക്കൂലി ഇടപാടുകള്‍ നടത്തിയെന്നും ഇക്കാര്യം മറച്ചുവെച്ച് നിക്ഷേപത്തട്ടിപ്പ് നടത്തിയെന്നുമാണ് അദാനിക്കെതിരെയുള്ള കേസ്. യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്റേതാണ് കുറ്റാരോപണം.265 മില്യണ്‍ ഡോളറാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയത് ‘ന്യൂമെറെ യൂണോ’, ‘ദി ബിഗ് മാന്‍’ തുടങ്ങിയ കോഡുകളാണ് ഉപയോഗിച്ചിരുന്നതെന്നും പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്നു.