ജറുസലേം: ഗാസയിലെ ആക്രമണം ശക്തമാക്കി ഇസ്രായേല്‍. തെക്കന്‍ ഗാസയിലെ അല്‍ മവാസിയിലും, ഖാന്‍ യൂനിസിലുമാണ് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കാനിരിക്കെ ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയത്. പുതുവര്‍ഷതുടക്കത്തില്‍ തന്നെ 140 പലസ്തീനികളാണ് രണ്ട് ദിവസത്തിനിടെ കൊല്ലപ്പെട്ടത്. സമാധാനമേഖലയായി പ്രഖ്യാപിച്ച അല്‍ മവാസിയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഗാസയിലെ ഉന്നത പോലീസ് മേധാവിയും കൊല്ലപ്പെട്ടിരുന്നു.
ജനുവരി രണ്ടിന് മാത്രം നടന്ന വിവിധ ആക്രമണങ്ങളില്‍ 71 പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഇസ്രയേലിലേക്ക് യെമനിലെ ഹൂതി വിമതര്‍ മിസൈലാക്രമണം നടത്തിയിരുന്നു. ആളപായമില്ലെങ്കിലും മധ്യ ഇസ്രയേലിലും, ജറുസലേമിലും, മുന്നറിയിപ്പായി സൈറണുകള്‍ മുഴങ്ങിയിരുന്നു.