മഹാരാഷ്ട്ര: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും സമ്പന്നനായ സ്ഥാനാര്‍ഥി ബിജെപിയുടെ സിറ്റിങ് എംഎല്‍എ പരാഗ് ഷാ.ഘാട്കോപര്‍ ഈസ്റ്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പരാഗിന് 3383.06 കോടിരൂപയുടെ സ്വത്തുക്കളുണ്ടെന്ന് തിരഞ്ഞെടുപ്പ് സത്യവാങ്മൂലം വ്യക്തമാക്കുന്നു.കഴിഞ്ഞ അഞ്ചുകൊല്ലത്തിനിടെ പരാഗിന്റെ ആസ്തിയിലുണ്ടായ വര്‍ധന 575 ശതമാനമാണ്.2019 തിരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 550.62 കോടിരൂപയുടെ ആസ്തിയാണ് പരാഗ് കാണിച്ചിരുന്നത്.
എണ്ണായിരത്തോളം സ്ഥാനാര്‍ഥികളാണ് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിച്ചിട്ടുള്ളത്. പണമായി തന്റെയും ഭാര്യ മാനസിയുടെയും കൈവശം യഥാക്രമം 1.81 കോടിരൂപയും1.30 കോടിരൂപയുമുണ്ടെന്ന് ഇക്കഴിഞ്ഞ ദിവസം പരാഗ് ഷാ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുണ്ട്. റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ പരാഗിന് സ്വന്തം പേരില്‍ വാഹനമില്ല. പരാഗിന് 43.29 കോടിരൂപയുടെയും ബാധ്യതയും മാനസിക്ക് 10.85 കോടിയുടെ ബാധ്യതയുമാണുള്ളത്.
മഹാരാഷ്ട്രയില്‍ വോട്ടെടുപ്പിന് ഇനി അവശേഷിക്കുന്നത് 20 ദിവസങ്ങള്‍ മാത്രമാണ്. നാമ നിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായതോടെ പ്രചാരണച്ചൂടും ശക്തമാവുകയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിലെ 31 സീറ്റുകളിലെ വിജയം ഇന്ത്യ മുന്നണിക്ക് ആവേശം പകരുന്നുണ്ട്.
മഹാ വികാസ് അഘാഡിയില്‍ കോണ്‍ഗ്രസ് 103 സീറ്റിലും എന്‍സിപി ശരത് പവര്‍ വിഭാഗം 86 സീറ്റിലും ശിവസേന ഉദ്ദവ് താക്കറെ വിഭാഗം 96 സീറ്റുകളിലുമാണ് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. ബാക്കി സീറ്റുകളില്‍ സമാജ്വാദി പാര്‍ട്ടിയും പെസന്റ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് പാര്‍ട്ടിയുമാണ് മത്സരിക്കുന്നത്. അതേസമയം മഹായുതി സഖ്യത്തില്‍, ബിജെപി 148 സീറ്റുകളില്‍ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ശിവസേന ഷിന്‍ഡെ പക്ഷം 80 സീറ്റുകളില്‍ മത്സരിക്കും.
എന്‍സിപി അജിത് പവാര്‍ പക്ഷം 52 സീറ്റുകളിലും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. നവംബര്‍ നാലിനാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി. 288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ നവംബര്‍ 20നാണ് വോട്ടെടുപ്പ്. അതേസമയം സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് പത്രിക സമര്‍പ്പിച്ച നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.