കര്‍ണാടക:കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പുറത്താക്കാന്‍ 50 കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് ബിജെപി 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തതായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കോണ്‍ഗ്രസ് എംഎല്‍എമാരെ വിലക്കെടുക്കാനുള്ള പദ്ധതി വിജയിക്കാത്തതിനാലാണ് തനിക്കും സര്‍ക്കാരിനുമെതിരെ ബിജെപി തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും സിദ്ധരാമയ്യ ആരോപിച്ചു. തന്റെ സര്‍ക്കാരിനെ എങ്ങനെയെങ്കിലും അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
അവര്‍ 50 എംഎല്‍എമാര്‍ക്ക് 50 കോടി രൂപ വാഗ്ദാനം ചെയ്തു. അവര്‍ക്ക് എവിടെ നിന്നാണ് ഇത്രയും പണം ലഭിച്ചത്. മുന്‍ മുഖ്യമന്ത്രിമാരായ ബി. എസ്. യെദ്യൂരപ്പ, ബസവരാജ് ബൊമ്മൈ, പ്രതിപക്ഷ നേതാവ് ആര്‍. അശോകന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി. വൈ. വിജയേന്ദ്ര എന്നിവര്‍ പണം അച്ചടിച്ചോ എന്നും സിദ്ധരാമയ്യ ചോദിച്ചു.
അതേസമയം മൈസൂര്‍ അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റിയുടെ ഭൂമിവിഹിതം വഖഫ് ഭൂമി കൈയേറ്റം, സംസ്ഥാനത്തെ മദ്യക്കച്ചവടക്കാരില്‍ നിന്ന് കൈക്കൂലി വാങ്ങല്‍ എന്നിവയില്‍ കോണ്‍ഗ്രസ് അഴിമതി നടത്തിയെന്ന് ബിജെപി ആരോപിച്ചു. ബിജെപിയുടെ ഭരണകാലത്ത് കോവിഡ്-19 ഫണ്ട് ദുരുപയോഗം ചെയ്തതായും ധൂര്‍ത്തടിച്ചതും കോണ്‍ഗ്രസും ആരോപിച്ചു. കര്‍ണാടകയില്‍ ആരോപണങ്ങളുടെയും പ്രത്യാരോപണങ്ങളുടെയും കടുത്ത പോരാട്ടത്തിലാണ് ബിജെപിയും കോണ്‍ഗ്രസും