മഹാരാഷ്ട്ര: നിയമസഭയിലേക്കുള്ള പോളിംഗ്നടന്നുകൊണ്ടിരിക്കെ മഹായുതി സഖ്യത്തില്‍ വിള്ളലെന്ന് സൂചന നല്‍കി പത്രപരസ്യം. ബിജെപി നല്‍കിയ പത്രപരസ്യത്തില്‍ ശിവസേന സഖ്യനേതാവും മുഖ്യമന്ത്രിയുമായ ഏക്‌നാഥ് ഷിന്‍ഡെ ഇല്ലാത്തതാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ബിജെപി നല്‍കിയ പത്രപരസ്യത്തിലാണ് ഏക്‌നാഥ് ഷിന്‍ഡെയെ തഴഞ്ഞത്. പരസ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും നിലവില്‍ ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസിനെയാണ് വലുതായി കാണിച്ചിരിക്കുന്നത്.
സഖ്യത്തിലെ മുഖ്യമന്ത്രിയായ ഏക്‌നാഥ് ഷിന്‍ഡെയുടെ ചിത്രം ബിജെപി ദേശീയ അധ്യക്ഷന്റെ ചിത്രത്തിന് ശേഷം മാത്രമാണുള്ളത്, അതും വളരെ ചെറിയ ചിത്രവും. അധികാരം ലഭിച്ചാല്‍ ശിവസേനയെ തട്ടുമെന്നും ഫഡ്നാവിസ് മുഖ്യമന്ത്രിയാകും എന്നുമുള്ള മുന്‍കൂര്‍ സൂചനയാണ് ഈ നീക്കമെന്നാണ് വിമര്‍ശനം.
മഹാരാഷ്ട്രയിലെ 288 സീറ്റുകളിലേക്ക് 4,136 പേരാണ് ജനവിധി തേടുന്നത്. ശിവസേന, ബിജെപി, എന്‍സിപി സഖ്യം മഹായുതിയും, കോണ്‍ഗ്രസ്, ശിവസേന-യുബിടി, എന്‍സിപി-ശരദ് പവാര്‍ സഖ്യം മഹാവികാസ് അഘാടിയും തമ്മിലാണ് മഹാരാഷ്ട്രയില്‍ പ്രധാന പോരാട്ടം. 1990ല്‍ 141 സീറ്റ് കിട്ടിയതിന് ശേഷം ഇതുവരെ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് 100ന് മുകളില്‍ സീറ്റ് ലഭിച്ചിട്ടില്ല. ഇത്തവണ 102 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്.
മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാര്‍, ശിവസേന -ഉദ്ധവ് താക്കറെ നേതാവ് ആദിത്യ താക്കറെ, ശിവസേന-ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം നേതാവ് മിലിന്ദ് ദിയോറ, കോണ്‍ഗ്രസ് നേതാവ് നാന പട്ടോളെ തുടങ്ങിയവരാണ് മത്സരരംഗത്തുള്ള പ്രമുഖര്‍. കൊപ്രി പച്പഖാഡിയില്‍ നിന്നാണ് ഏക്‌നാഥ് ഷിന്‍ഡെയുടെ മത്സരം. ബാരാമതിയില്‍നിന്ന് അജിത് പവാറും നാഗ്പുര്‍ സൗത്ത് വെസ്റ്റില്‍നിന്ന് ദേവേന്ദ്ര ഫഡ്‌നാവിസും മത്സരിക്കുന്നു.
സകോലിയില്‍ നിന്നാണ് നാനാ പട്ടോളെ ജനവിധി തേടുന്നത്. വോര്‍ലിയില്‍ ആദിത്യ താക്കറെയും മിലിന്ദ് ദിയോറയും തമ്മിലാണ് പോരാട്ടം. കൊല്ലപ്പെട്ട എന്‍സിപി നേതാവും മുന്‍ മന്ത്രിയുമായ ബാബാ സിദ്ദിഖിയുടെ മകന്‍ സീഷന്‍ സിദ്ദിഖി ബാന്ദ്ര ഈസ്റ്റില്‍ നിന്നാണ് മത്സരിക്കുന്നത്. വിവിധ ജാതി സമുദായങ്ങള്‍ക്കിടയിലെ വിള്ളലും കര്‍ഷക രോഷവും മഹാരാഷ്ട്രയിലെ വിധിയെ നിര്‍ണയിക്കും. .ഇരു സഖ്യവും 170ലേറെ സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.