കൊച്ചി: രാജ്യത്തെ ഒരു പൗരന്റെ പ്രധാന സാമ്പത്തിക രേഖകളിലൊന്നായ പാന്‍ കാര്‍ഡില്‍ പുതിയ സംവിധാനമേര്‍ത്തെടുത്തിയിരിക്കുകയാണ് ആദായ നികുതി വകുപ്പ്. ബാങ്കിംഗ് ഇടപാടുകള്‍ക്കെല്ലാം പാന്‍ കാര്‍ഡ് ആവശ്യമാണ്. ഏറ്റവും പുതുതായി ക്യൂ ആര്‍ കോഡ് പതിപ്പിച്ച് പാന്‍ 2.0 പദ്ധതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.
പാനിലെ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ പാന്‍ ഉടമയുടെ പേര്, ഫോട്ടോ, ഒപ്പ്, രക്ഷിതാവിന്റെ പേര്, ജനനതീയ്യതി തുടങ്ങി പാന്‍ കാര്‍ഡില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളെല്ലാം ശരിയാണെന്ന് ഉറപ്പപവരുത്താന്‍ കഴിയുമെന്നതാണ് പാന്‍ 2.0 പദ്ധതി കൊണ്ടുള്ള ഉപകാരമായി ധനമന്ത്രാലയം പറയുന്നത്.എല്ലാ വാണിജ്യ സംബന്ധമായ കൈമാറ്റങ്ങള്‍ക്കുമുള്ള ഒരു ‘പൊതു ഐഡന്റിഫയര്‍’ ആയിട്ടാണ് പാന്‍ 2.0 അവതരിപ്പിക്കുന്നതെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ടാക്‌സ് ഡിഡക്ഷന്‍ ആന്‍ഡ് കളക്ഷന്‍ അക്കൗണ്ട് നമ്പര്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഏകോപിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
2017- 18 കാലഘട്ടത്തില്‍ തന്നെ ക്യൂആര്‍ കോഡുള്ള പാന്‍ കാര്‍ഡ് അവതരിപ്പിച്ചിരുന്നുവെങ്കിലും, നവീകരണത്തില്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഇനി ക്യൂ ആര്‍ കോഡ് ഉള്‍പ്പെടുത്തി നവീകരിച്ച പുത്തന്‍ പാന്‍ കാര്‍ഡ് നിലവില്‍ വരുന്നതോടെ പഴയ കാര്‍ഡ് അസാധുവാകുമോ എന്നതാണ് ഇപ്പോള്‍ പലര്‍ക്കുമുള്ള സംശയം. എന്നാല്‍ പഴയ കാര്‍ഡുള്ളവരില്‍ ആവശ്യമുള്ളവര്‍ മാത്രം ക്യൂആര്‍ കോഡുള്ള പുതിയ പാന്‍ കാര്‍ഡിന് അപേക്ഷിച്ചാല്‍ മതിയെന്നാണ് ധനമന്ത്രാലയം അറിയിച്ചിരിക്കുന്നത. ചുരുക്കിപ്പറഞ്ഞാല്‍, നിലവില്‍ പഴയ പാന്‍ കാര്‍ഡുള്ളവര്‍ക്ക് ഇടപാടുകള്‍ തടസപ്പെടില്ലെന്ന് സാരം.