തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സഹായം നല്‍കി പരസ്യം ചെയ്യേണ്ടെന്ന നിര്‍ദ്ദേശവുമായി വിദ്യാഭ്യാസ വകുപ്പ്. കുട്ടികളെ സ്റ്റേജില്‍ വിളിച്ചുവരുത്തി സഹായം നല്‍കരുതെന്നും, സഹായം വാങ്ങുന്ന കുട്ടികളുടെ പേര് ചടങ്ങില്‍ പറയരുതെന്നുമാണ് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഉത്തരവിറക്കിയത്. പൊതുപരിപാടികളിലോ പരസ്യമായോ സഹായം നല്‍കരുതെന്നും നിര്‍ദേശമുണ്ട്.
സഹായം വാങ്ങുന്ന കുട്ടികളുടെ ഫോട്ടോയോ പേരൊ വെച്ച് പരസ്യം നല്‍കി കുട്ടികളുടെ ആത്മാഭിമാനം തകര്‍ക്കരുത്. സ്വകാര്യതയ്ക്ക് തടസ്സം വരാത്ത രീതിയില്‍ വേണം സഹായിക്കാനെന്നും ബാലാവകാശ കമ്മീഷന്‍ ഉത്തരവ് അനുസരിച്ചുള്ള ഉത്തരവില്‍ വ്യക്തമാക്കുന്നു.