ലണ്ടന്‍: ഇസ്രയേലിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട്. ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന അക്രമങ്ങളെ വിമര്‍ശിച്ചും, ഇസ്രയേലിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുമാണ് ആംനസ്റ്റി റിപ്പോര്‍ട്ട്. ഇസ്രയേല്‍ നടത്തുന്നത് വംശഹത്യയെന്നും, അന്താരാഷ്ട്ര സമൂഹം ഇസ്രയേലിനെതിരെ ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇസ്രയേലിന്റെ പ്രധാന ആയുധ ഇടപാടുകാരായ അമേരിക്കയ്ക്കും ജര്‍മനിക്കും, മറ്റ് യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങള്‍ക്കും വംശഹത്യയില്‍ പ്രധാന പങ്കുണ്ടെന്നും ആംനസ്റ്റി പറയുന്നു.രൂക്ഷമായ അക്രമണങ്ങളിലൂടെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുന്നു, എല്ലാം നഷ്ടപ്പെട്ട ജനങ്ങള്‍ക്കായി കൊണ്ടുപോകുന്ന ഭക്ഷണവും മരുന്നും മറ്റും തടസ്സപ്പെടുത്തുന്നു, പലസ്തീനികളെ കരുതിക്കൂട്ടി ഇല്ലാതാകാന്‍ ശ്രമിക്കുന്നു തുടങ്ങിയ ഗുരുതര പരാമര്‍ശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.
ഇസ്രയേലിന്റെ മേല്‍ കൂടുതല്‍ ഉപരോധങ്ങളും മറ്റും ഏര്‍പ്പെടുത്തി യുഎന്‍ വിഷയത്തില്‍ കര്‍ശനമായി ഇടപെടണമെന്നും ആംനസ്റ്റി ആവശ്യപ്പെട്ടു. സംഘര്‍ഷ മേഖലയില്‍ നേരിട്ട് പോയി നിരവധി പേരെ അഭിമുഖം നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ആംനസ്റ്റി പ്രസിദ്ധീകരിച്ചത്. എന്നാല്‍ ആംനസ്റ്റിയുടെ ആരോപണങ്ങളെയെല്ലാം തള്ളിക്കളയുകയാണ് ഇസ്രയേല്‍. റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതെന്നും എല്ലാം കള്ളമെണെന്നുമായിരുന്നു ഇസ്രയേല്‍ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം.