മലപ്പുറം: നിപ ബാധിച്ചാണ് യുവാവ് മരിച്ചതെന്ന് സ്ഥിരീകരിച്ചതോടെ മലപ്പുറത്ത് കനത്ത ജാഗ്രത. ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. കണ്ടെയ്ന്‍മെന്റ് സോണുകളായി തിരിച്ചിരിക്കുന്ന മേഖലകളില്‍ കൂട്ടംകൂടി നില്‍ക്കാന്‍ പാടില്ലെന്നും, സ്‌കൂള്‍, കോളേജുകള്‍ മദ്രസ, അംഗനവാടികള്‍ എന്നിവ പ്രവര്‍ത്തിക്കരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വ്യാപാരസ്ഥാപനങ്ങള്‍ 10 മുതല്‍ 7 വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളുവെന്നും, സിനിമ തിയേറ്ററുകള്‍ പ്രവര്‍ത്തിക്കരുതെന്നുമാണ് ഉത്തരവ്. തിരുവാലി പഞ്ചായത്തിലെ 4,5,6,7 വാര്‍ഡുകള്‍, മമ്പാട് പഞ്ചായത്തിലെ 7-ാം വാര്‍ഡ് എന്നിവയാണ് കണ്ടെയ്ന്‍മെന്റ് സോണായി തിരിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ 24 വയസുകാരന്റെ സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ നിപ ബാധ സ്ഥിരീകരിച്ചതോടെയാണ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയത്.ഉടന്‍ തന്നെ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജിന്റെ അധ്യക്ഷതയില്‍ അടിയന്തര ഉന്നതലയോഗം ചേര്‍ന്ന് പ്രോട്ടോകോള്‍ പ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
151 പേരാണ് നിലവില്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റി.