വാഷിങ്ടണ്‍: ജില് ബൈഡന്റെ പ്രഥമ വനിത വിരുന്നില്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പങ്കാളി മെലാനിയ ട്രംപ് പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. നിലവിലെ പ്രസിഡന്റ് നിയുക്ത പ്രസിഡന്റിന് ഓവല്‍ ഓഫീസില്‍ വിരുന്ന് നല്കുന്ന അതേ സമയം പ്രഥമ വനിത അവരുടെ പിന്‍ഗാമിയായി വരുന്നയാള്‍ക്ക് ചായ വിരുന്നും നടത്തുന്നതാണ് രീതി. എന്നാല്‍ അമേരിക്കയില്‍ പാരമ്പര്യമായി നടക്കുന്ന വിരുന്നില്‍ നിന്നാണ് മെലാനിയ വിട്ടുനില്‍ക്കുന്നത്.
കഴിഞ്ഞ ആഴ്ചയാണ് ജില് ബൈഡന് മെലാനിയ ട്രംപിന് ഔദ്യോഗിക ക്ഷണം നല്‍കിയത്.തിരഞ്ഞെടുപ്പിന് പിന്നാലെ ട്രംപും ബൈഡനും ഫോണില്‍ വിളിച്ചിരുന്നുവെങ്കിലും മെലാനിയയും ജില്ലും ഫോണ്‍ വിളിക്കാന്‍ പോലും തയ്യാറായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. 2016ലെ തെരഞ്ഞെടുപ്പിന് ശേഷം മിഷേല്‍ ഒബാമ മെലാനിയ ട്രംപിന് യെല്ലോ മുറിയില്‍ വിരുന്ന് നല്‍കിയിരുന്നു.എന്നാല്‍ 2020ലെ തെരഞ്ഞെടുപ്പില്‍ താനാണ് ശരിയായ വിജയിയെന്ന ഡോണാള്‍ഡ് ട്രംപിന്റെ അവകാശ വാദങ്ങള്‍ നിലനിന്നിരുന്നതിനാല്‍ മെലാനിയ ട്രംപ് ജില് ബൈഡന് വിരുന്ന് നല്‍കിയിരുന്നില്ല.