മുംബൈ: ടാറ്റ ട്രസ്റ്റ് ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ നോയല്‍ ടാറ്റ. വെള്ളിയാഴ്ച മുംബൈയില്‍ ചേര്‍ന്ന ട്രസ്റ്റ് യോഗത്തിലാണ് അന്തരിച്ച വ്യവസായി വിവാഹിതനല്ലാത്ത രത്തന്‍ ടാറ്റായുടെ പിന്‍ഗാമിയായി നോയല്‍ ടാറ്റയെ തീരുമാനിച്ചത്. രത്തന്‍ ടാറ്റയുടെ അര്‍ധസഹോദരനാണ് 67 കാരനായ നോയല്‍ ടാറ്റ.
സര്‍ ദോറാബ്ജി ടാറ്റ ട്രസ്റ്റും സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റുമാണ് ടാറ്റ ട്രസ്റ്റിനുകീഴിലുള്ള രണ്ട് പ്രധാന സ്ഥാപനങ്ങള്‍. ടാറ്റ ട്രസ്റ്റുകളുടെ നേതൃത്വം ആര്‍ക്കായിരിക്കുമെന്ന് രത്തന്‍ ടാറ്റ പ്രഖ്യാപിച്ചിരുന്നില്ല. തുടര്‍ന്ന് മുംബൈയില്‍ വെള്ളിയാഴ്ച ചേര്‍ന്ന് ടാറ്റ ട്രസ്റ്റിന്റെ ബോര്‍ഡ് യോഗത്തിലാണ് പുതിയ ചെയര്‍മാനെ തീരുമാനിച്ചത്.
ഇന്ത്യയിലെ പബ്ലിക് ചാരിറ്റബിള്‍ ഫൗണ്ടേഷനുകളില്‍ ഏറ്റവും വലുതാണ് ടാറ്റ ട്രസ്റ്റ്. ടാറ്റ ഗ്രൂപ്പിന്റെ മാത്യ കമ്പനിയായ ടാറ്റ സണ്‍സിന്റെ 66 ശതമാനം ഓഹരികളും ടാറ്റ ട്രെസ്റ്റ് എന്ന സംരംഭത്തിന് കീഴിലാണ്.