ന്യൂഡല്‍ഹി: ഡിജിറ്റല്‍ പണമിടപാട് വ്യാപകമായതോടെ പാന്‍ കാര്‍ഡ് തട്ടിപ്പുകളും, വിവരങ്ങള്‍ ചോര്‍ത്തുന്നതുമടക്കമുള്ള വാര്‍ത്തകള്‍ ദിനം പ്രതി വര്‍ധിക്കുകയാണ്. ആദായ നികുതി വകുപ്പ് നല്‍കുന്ന പാന്‍കാര്‍ഡിനൊപ്പം ചോരുന്ന ഈ പത്തക്ക നമ്പറില്‍ നിന്നും നിങ്ങള്‍ക്ക് നഷ്ടമാകുന്നത് വ്യക്തിപരമായുള്ള സുപ്രധാന വിവരങ്ങളാണ്. ഉടമയെ സംബന്ധിക്കുന്ന അതിപ്രധാനമായ വിവരങ്ങളാണ് 10 അക്ക ആല്‍ഫാന്യൂമെറിക് നമ്പറില്‍ അടങ്ങിയിരിക്കുന്നത്.
പാന്‍ കാര്‍ഡ് നമ്പറില്‍ എപ്പോഴും ആദ്യത്തെ 5 എണ്ണം അക്ഷരങ്ങളും, അടുത്ത 4 എണ്ണം അക്കങ്ങളും,അവസാനത്തേ ഒരെണ്ണം അക്ഷരവുമായിരിക്കും. ഇതില്‍ ആദ്യ മൂന്ന് അക്ഷരങ്ങള്‍ ഏതു വേണമെങ്കിലും ആവാം. ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ താത്പര്യ പ്രകാരമായിരിക്കും മൂന്ന് അക്ഷരങ്ങള്‍ നല്‍കുന്നത്. എന്നാല്‍ നാലാമത്തെ അക്ഷരം നിങ്ങള്‍ ആരാണെന്ന് പറയുന്നതായിരിക്കും.
ഉദാഹരണത്തിന് എല്ലാ വ്യക്തിഗത നികുതിദായകര്‍ക്കും നാലാമത്തെ അക്ഷരം P ആയിരിക്കും. ഇനി നാലാമത്തെ അക്ഷരം c എന്നാണേല്‍ കമ്പനി, H എന്നാല്‍ ഹിന്ദു കൂട്ടുകുടുംബം,F എന്നാല്‍ സ്ഥാപനം, A എന്നാല്‍ അസോസിയേറ്റ് പേഴ്‌സണസ്, T എന്നാല്‍ ട്രസ്റ്റ്, B സൂചിപ്പിക്കുന്നത് ബോഡി ഓഫ് ഇന്‍വിഡ്വല്‍സ്, L ആണെങ്കില്‍ ലോക്കല്‍ അതോറിറ്റി, J എന്നാല്‍ ആര്‍ട്ടിഫിഷ്യല്‍ ജുഡീഷ്യല്‍ പേഴ്‌സണ്‍, G ആണെങ്കില്‍ ഗവണ്‍മെന്റ് എന്നിങ്ങനെയാണ് മറ്റ് വിവരങ്ങള്‍.
പാന്‍ കാര്‍ഡ് നമ്പറിലെ അഞ്ചാമത്തെ ഇംഗ്ലീഷ് അക്ഷരത്തിനും പ്രത്യേക സൂചകമുണ്ട്. കാര്‍ഡ് ഉടമയുടെ സര്‍നെയിമിന്റെ ആദ്യ അക്ഷരമായിരിക്കും പാന്‍ കാര്‍ഡിലെ അഞ്ചാമത്തെ അക്ഷരം. ഉദാഹരണത്തിന് സുരേഷ് എന്ന് അവസാനിക്കുന്ന വ്യക്തിയുടെ കാര്‍ഡാണെങ്കില്‍ അഞ്ചാമത്തെ അക്ഷരം S എന്നായിരിക്കും. പാന്‍ കാര്‍ഡിലെ അവസാന 4 പ്രതീകങ്ങള്‍ നമ്പറുകള്‍ ആണ്.
ഈ നമ്പറുകള്‍ 0001 മുതല്‍ 9999 വരെ ആകാം. നിങ്ങളുടെ പാന്‍ കാര്‍ഡിന്റെ ഈ നമ്പറുകള്‍ നിലവില്‍ ആദായ നികുതി വകുപ്പില്‍ പ്രവര്‍ത്തിക്കുന്ന ശ്രേണിയെ പ്രതിനിധീകരിക്കുന്നതാണ്. ഇനി അവസാനത്തെ ഇംഗ്ലീഷ് അക്ഷരം. ഈ അക്ഷരത്തിന് പ്രത്യേക സൂചകമില്ല. ഡിപ്പാര്‍ട്ട്മെന്റ് താത്പര്യ പ്രകാരം ഏത് അക്ഷരം വേണമെങ്കിലും ഇവിടെ ചേര്‍ക്കാവുന്നതാണ്.