മോസ്‌കോ: യുക്രൈന്‍-റഷ്യ സംഘര്‍ഷത്തിനിടയില്‍ റഷ്യയ്ക്ക് പിന്തുണയായി ഉത്തര കൊറിയന്‍ സൈനികര്‍. കുര്‍സ്‌ക് അടക്കമുള്ള റഷ്യയിലെ വിവിധ മേഖലകളില്‍ 12,000 ഓളം ഉത്തര കൊറിയന്‍ സൈനികര്‍ പരിശീലനം നടത്തുന്നതായി യുക്രൈന്‍ സൈനിക രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തു.
ഇവര്‍ 6,000 അംഗങ്ങളുള്ള രണ്ട് ബ്രിഗേഡുകളായി വിന്യസിച്ചിരിക്കുകയാണെന്നും, ഇതില്‍ 500 ഓഫീസര്‍മാരും മൂന്ന് ജനറല്‍മാരും ഉള്‍പ്പെടുന്നുണ്ടെന്നും വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ആദ്യഘട്ടത്തില്‍ റഷ്യ ഉത്തര കൊറിയന്‍ സൈനികരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ നിഷേധിച്ചിരുന്നുവെങ്കിലും, ബ്രിക്‌സ് ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇതുസംബന്ധിച്ച പരാമര്‍ശങ്ങള്‍ നിഷേധിച്ചില്ല.
ഉത്തര കൊറിയന്‍ സൈനികര്‍ റഷ്യയില്‍ സൈനികാഭ്യാസം നടത്തുന്നുണ്ടെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ റഷ്യയ്ക്കായി ഉത്തര കൊറിയന്‍ സൈന്യത്തെ യുദ്ധത്തിനയച്ചാല്‍ ശക്തമായ മറുപടി നല്‍കുമെന്ന് ദക്ഷിണ കൊറിയ മുന്നറിയിപ്പ് നല്‍കി.