കൊച്ചി: കാണാതായ കടവന്ത്ര സ്വദേശിനിയായ വയോധികയുടെ മൃതദേഹം ആലപ്പുഴയില്‍ നിന്ന് കണ്ടെത്തി. ആലപ്പുഴ കലവൂരിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആഗസ്ത് നാലിന് 73 കാരിയായ സുഭദ്രയെ കാണാതാവുകയും, ആറിന് മകന്‍ കടവന്ത്ര പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
ക്ഷേത്ര ദര്‍ശനത്തിന് പോയ അമ്മ തിരികെ വന്നില്ലെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ സുഭദ്ര ഏഴിന് ആലപ്പുഴ കാട്ടൂര്‍ കോര്‍ത്തശ്ശേരിയില്‍ എത്തിയതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം വീട്ടില്‍ നിന്നും കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ കാട്ടൂര്‍ കോര്‍ത്തശേരിയിലെ വാടകവീട്ടിലെ ദമ്പതികള്‍ ഒളിവിലാണ്.
സുഭദ്രയെ സ്വര്‍ണവും പണവും കവര്‍ന്ന ശേഷം കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അഴുകിയ നിലയിലുള്ള മൃതദേഹം ശാസ്ത്രീയമായ പരിശോധനകള്‍ നടത്തിയ ശേഷമേ സുഭദ്രയുടേത് തന്നെയാണെന്ന് ഉറപ്പിക്കാന്‍ കഴിയൂ. ആലപ്പുഴ ഡിവൈഎസ്പി, മണ്ണഞ്ചേരി, മാരാരിക്കുളം, ആലപ്പുഴ നോര്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, വിരലടയാള വിദഗ്ധര്‍, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്.