മൂവാറ്റുപുഴ: ലഹരി വിമുക്ത ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിനെ ആശുപത്രി അധികൃതരെയും രക്ഷിതാക്കളെയും അറിയിക്കാതെ കടത്തിക്കൊണ്ടു പോയതായി പരാതി. മൂവാറ്റുപുഴ നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജി മുണ്ടാട്ടിന്റെ മകന്‍ ആസാദ് ജീലാനിയെയാണ് കളമശേരി മെഡിക്കല്‍ കോളേജിലെ ലഹരി വിമുക്ത ആശുപത്രിയില്‍ നിന്നും തട്ടിക്കൊണ്ടുപോയത്.
മയക്കുമരുന്ന് ഉപയോഗം പതിവാക്കിയതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ യുവാവിനെ ലഹരി വിമുക്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് സുഹൃത്തുക്കള്‍ ഉള്‍പ്പെടുന്ന സംഘം ആസാദ് ജീലാനിയുടെസഹോദരങ്ങളാണെന്ന് തെറ്റിദ്ധിരിപ്പിച്ച് ആശുപത്രിയുടെ അകത്ത് പ്രവേശിച്ചാണ് കടത്തിക്കൊണ്ട് പോയതെന്ന് അജി മുണ്ടാട്ട് പറഞ്ഞു.
ആശുപത്രി അധികൃതര്‍ കളമശ്ശേരി പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയ്യാറായില്ലെന്നും, ലഹരി ഉപയോഗത്തിന്റെ ഹബാണ് മൂവാറ്റുപുഴയെന്നും, മയക്കുമരുന്ന് മാഫിയയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ് മകനെ കൊണ്ടുപോയിരിക്കുന്നതെന്നും അജി മുണ്ടാട്ട് കൂട്ടിച്ചേര്‍ത്തു. ആലുവ എസ്പി വൈഭവ് സക്‌സേനക്കും, എസ്പിയുടെ നിര്‍ദ്ദേശ പ്രകാരം മൂവാറ്റുപുഴ പോലീസ് സ്‌റ്റേഷനിലുമാണ് അജി മുണ്ടാട്ട് പരാതി നല്‍കിയത്.