കൊച്ചി: ലോക ടൂറിസം ദിനത്തില്‍ കേരളാ ടൂറിസത്തിന് ഇരട്ടി മധുരം. രണ്ട് ദേശീയ പുരസ്‌കാരങ്ങളാണ് സംസ്ഥാനത്തിന് ലഭിച്ചിരിക്കുന്നത്. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളായ കുമരകവും, കടലുണ്ടിയുമാണ് പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയത്. കടലുണ്ടിക്ക് മികച്ച റെസ്പോണ്‍സിബിള്‍ ടൂറിസം വില്ലേജ് അവാര്‍ഡും, കുമരകത്തിന് മികച്ച അഗ്രി ടൂറിസം വില്ലേജ് അവാര്‍ഡുമാണ് ലഭിച്ചിരിക്കുന്നത്.
ന്യൂഡല്‍ഹി വിഗ്യാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധങ്കറിന്റെ സാന്നിദ്ധ്യത്തില്‍ കേന്ദ്ര ടൂറിസം, സാംസ്‌കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്തില്‍ നിന്ന് കേരള റെസ്പോണ്‍സിബിള്‍ ടൂറിസം മിഷന്‍ സൊസൈറ്റി സിഇഒ കെ. രൂപേഷ് കുമാര്‍, കുമരകം പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് അനുഷ വി.വി എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.
തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിന് ബെസ്റ്റ് ടൂറിസം വില്ലേജ് പുരസ്‌കാരം ലഭിക്കുന്നത്. കഴിഞ്ഞ തവണ കാന്തല്ലൂരിന് ഉത്തരവാദിത്ത ടൂറിസം മിഷന്റെ സ്ട്രീറ്റ് പദ്ധതി നടപ്പാക്കിയതോടെ സുവര്‍ണ്ണ പുരസ്‌കാരം ലഭിച്ചിരുന്നു.